Thursday 23 August 2012

റിവ്യൂ – ഫ്രൈഡേ (സംവിധാനം : ലിജിന്‍ ജോസ്)

നജീംകോയ കഥയും തിരക്കഥയും എഴുതി  നവാഗതനായ ലിജിന്‍ ജോസ് സംവിധാനം ചെയ്ത പുത്തന്‍പടമാണ് ഫ്രൈഡേ . മലയാളത്തില്‍ നവതരംഗം ഉയര്‍ത്തിയ  ‘ട്രാഫിക്‌’ , ‘ഈ അടുത്തകാലത്ത്‌’  , തമിഴിലെ ഹിറ്റായ  ‘വാനം’ എന്നീ ചിത്രങ്ങളുടെ പാറ്റെര്‍ണില്‍ ഉള്ള മള്‍ട്ടി ലീനിയര്‍ ആഖ്യാന ശൈലിയാണ് ഈ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ അതിനെ വേണ്ടവിധം ഉപയോഗിക്കാന്‍ സംവിധായകനും എഴുത്തുകാരനും കഴിഞ്ഞോ എന്നത് സംശയമാണ്.

മേല്‍ പറഞ്ഞ ചിത്രങ്ങളുമായി കഥ പറച്ചിലിന്റെ ശൈലിയില്‍ മാത്രമേ സാമ്യമുള്ളൂ കേട്ടോ. വളരെ മികച്ച ഒരു പ്രമേയമാണ് ഈ ചിത്രത്തിനുള്ളത് . കഥയും തിരക്കഥയും എഴുതിയ നജീം കോയ തിരക്കഥക്ക് ഒരല്‍പം കൂടി മുറുക്കം കൊടുത്തിരുനെങ്കില്‍ ഈ പടം ഇതിലും നന്നായേനെ . മലയാളത്തില്‍ അടുത്തിടക്ക് ഇറങ്ങിയ ഏറ്റവും നല്ല ചിത്രമൊന്നുമല്ലെങ്കിലും സൂപ്പര്‍താര ജാടകളും അശ്ലീലകോമഡിയും മാത്രം കണ്ടും കേട്ടും മനസ്സ് മടുത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും കണ്ടുനോക്കാവുന്ന ഒരു കൊച്ചുചിത്രം തന്നെയാണ് ഫ്രൈഡേ .  ‘ ഈ പടത്തിന് ഇന്റര്‍വെല്‍ ഇല്ല ‘ എന്ന  വിശേഷണവുമായാണ് ഫ്രൈഡേ ഇറങ്ങിയതെങ്കിലും കോട്ടയത്തെ തിയേറ്ററില്‍ തിയേറ്ററുകാരുടെ സൌകര്യം പോലെ ഒരു ഇടവേള അവര്‍ ഉണ്ടാക്കിയിരുന്നു . മറ്റു തിയേറ്ററുകളിലും സ്ഥിതി വ്യതസ്തമായിരിക്കില്ല എന്ന് കരുതുന്നു.

11 /11 /11 എന്ന തിയതിയില്‍ ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി  നടക്കുന്ന ഒരു കൂട്ടം സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ കഥ. എല്ലാം ഒന്നിനൊന്നു വ്യതസ്തമായ കാര്യങ്ങള്‍ .അവയെ ഒരു ചങ്ങലയിലെന്നവണ്ണം കോര്‍ത്തിരിക്കുന്നു ഫ്രൈഡേയില്‍ . എന്നാല്‍ ഈ പ്രക്രിയയില്‍ , ഒരു പരിധി വരെ സംവിധായകന്‍ വിജയിച്ചിരിക്കുന്നു എന്ന് മാത്രമേ പറയാന്‍ കഴിയൂ . ഫഹദ് ഫാസില്‍ , നെടുമുടി വേണു,  മനു ,വിജയരാഘവന്‍ , ടിനി ടോം , ആന്‍ അഗസ്റ്റിന്‍ ,  ആശാ ശരത് , സീമ ജി നായര്‍ , നിമിഷ , നാരയാണന്‍ കുട്ടി, ബൈജു എഴുപുന്ന എന്നിങ്ങനെ പോകുന്നു ഈ ചിത്രത്തിലെ അഭിനേതാകളുടെ നീണ്ട നിര .

പ്രസവത്തെ തുടര്‍ന്ന് മകളെ നഷ്ടമാകുന്ന അമ്മ , സ്വന്തം കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന ഒരച്ഛന്‍ , ഗര്‍ഭം ചുമന്നു  കൈകുഞ്ഞിനെ തോളില്‍ തൂക്കി ഭിക്ഷഎടുക്കുന്ന തമിഴത്തി , ഒരനാഥാലയത്തില്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതിമാര്‍ , അവരെ ചതിക്കാന്‍ നോക്കുന്ന മറ്റു ചില ആളുകള്‍ , കല്യാണ സാധനങ്ങള്‍ എടുക്കാന്‍ വരുന്ന ഒരു കുടുംബം, പ്രതിശ്രുത വധുവിനെ സ്വപ്നം കണ്ടു നടക്കുന്ന വരന്‍ ,പേരറിയാത്ത ഒരു ജന്തുവിനെ വിറ്റ് കാശാക്കാന്‍ നടക്കുന്ന വിരുതന്മാര്‍ , കടല്‍ത്തീരത്ത്‌ കറങ്ങിനടന്നതിനു പോലിസ് പിടിച്ച രണ്ടു കമിതാക്കള്‍ , ദരിദ്രനാരായണനായ ഒരു ഓട്ടോ ഡ്രൈവര്‍… അങ്ങനെ പോകുന്നു ഈ ചങ്ങലയിലെ കണ്ണികള്‍ . ചില കണ്ണികള്‍ മാത്രം ഇതിന്റെ മര്‍മ്മമായ പ്രാധാന കഥാ മുഹൂര്‍ത്തത്തിലേക്ക് കടന്നു വരുന്നു, ചില കണ്ണികള്‍ എവിടെ വെച്ചോ അകന്നു പോകുന്നു.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Tuesday 21 August 2012

റിവ്യൂ – താപ്പാന (സംവിധാനം : ജോണി ആന്റണി )

വല്ലാത്ത ഒരു നിര്‍വികാരതയോടെയാണ് ഈ നിരൂപണം എഴുതുന്നത്‌. ഷാജികൈലാസ് അവര്‍കളുടെ  ‘സിംഹാസനാം’ ഏല്‍പ്പിച്ച ഞെട്ടലില്‍ നിന്നും പൂര്‍ണ മുക്തനാകുന്നതിനു മുന്‍പ്  അതിദാരുണമായ മറ്റൊരു സിനിമ കൂടി കാണേണ്ടിവന്നിരിക്കുന്നു. പറഞ്ഞുവരുന്നത് ജോണി ആന്റണി സംവിധാനിച്ച് , മമ്മൂട്ടി അഭിനയിച്ച്  ഉത്സവ സീസന്‍ അലമ്പാക്കാന്‍ ഇറക്കിയ ഏറ്റവും പുതിയ തിരൈപടമായ ‘താപ്പാന’യെക്കുറിച്ചാണ്. മമ്മൂക്കയുടെ കഴിഞ്ഞ കുറെ പടങ്ങള്‍ ഉയര്‍ന്ന റിക്ടര്‍ സ്കെയിലില്‍ പൊട്ടി പാളീസായതിനാല്‍ ഈ പടം പുള്ളി തന്റെ എല്ലാ കഴിവും ഉപയോഗിച്ച് വിജയിപ്പിക്കും എന്ന എന്റെ അമിതആത്മവിശ്വാസത്തിന് ഇതോടെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

സംവിധായകനായ ജോണി ആന്റണിയെ കുറിച്ച് പറയുമ്പോള്‍തന്നെ ഹോ ..രോമാഞ്ചം വരുന്നു. ഇതേ മമ്മുക്കയെ നായകനാക്കി തുറുപ്പുഗുലാന്‍ , പട്ടണത്തില്‍ ഭൂതം എന്നീ ചവറുകള്‍ ഇറക്കിയ സംവിധായകനായിട്ടുകൂടി വീണ്ടും ഇങ്ങേരെ മമ്മൂക്ക വിശ്വാസത്തിലെടുത്തത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഈ റംസാന്‍ – ഓണക്കാല ചിത്രങ്ങള്‍ സൂപ്പറുകളുടെ വിധിയെഴുതുന്നതാവും എന്ന് പലരും പറഞ്ഞുകൊണ്ടിരുന്നിട്ടും അതൊന്നും മമ്മുക്ക മുഖവിലക്കെടുത്തിട്ടില്ലെന്നു കരുതാം . എന്ത് കൂതറയായാലും ശരി , തല്ലാനും ചാവാനും റെഡിയായി നടക്കുന്ന ഫാന്‍സ്‌ ഗുണ്ടകള്‍ ഇരച്ചുകേറി കയ്യടിച്ച് , ജയ്‌വിളിച്ച്  ഈ പടവും ഹിറ്റ്‌ ആക്കിക്കോളും എന്നാണ് അദ്ദേഹം ഉദ്യെശിച്ചതെന്നു തോന്നുന്നു.

കഥയെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും തന്നെ പറയാനില്ല. മമ്മൂക്ക അടുത്തയിടെ സ്ഥിരമായി പൊട്ടുന്ന പടങ്ങളില്‍ ചെയ്യുന്ന അതേ വേഷം തന്നെ. സരസനും  സുന്ദരനും അതിശക്തനും ബുദ്ധിമാനും പരോപകാരിയും സര്‍വോപരി ,  സാഹചര്യങ്ങളുടെ സമര്‍ദം മൂലമാണോ എന്നറിയില്ല , കള്ളനുമായ (ദദാണ് വെറൈറ്റി) സാംസണ്‍ എന്ന സാംകുട്ടി ആണ് മമ്മൂക്ക ഇതില്‍ . അദ്ദേഹത്തെ പോലെ ഒരു ജീനിയസ്സിന് ഈ റോള്‍ വെറും കുട്ടിക്കളി മാത്രമാണെങ്കിലും  ഉള്ള റോള്‍ മമ്മുക്ക നല്ല വെടിപ്പായി ചെയ്തു . ഈ പടത്തില്‍ മമ്മുക്ക കുറച്ചധികം സുന്ദരനാണെന്ന് ഒരു മലയാളിയോടും പ്രത്യേകിച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ലല്ലോ.

മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക